October 24, 2010

4 ഖല്‍ബിലെ തീ

നാട് വിട്ട്  ഇതാദ്യമായാണ് അന്യ ദേശത്ത് താമസിക്കുന്നത്. ഇപ്പോഴിവിടെ വരേണ്ടിയിരുന്നില്ലെന്നു തോന്നി. പക്ഷെ എങ്ങിനെ വരാതിരിക്കും? വീട്ടില്‍, ഉമ്മയുടെയും പട്ടിണിക്കോലങ്ങളായ  മൂന്നനുജന്മാരുടെയും  ദയനീയ മുഖം.തന്നില്‍ പ്രത്യാശയര്‍പ്പിക്കുന്ന നോട്ടം. പിടിച്ചു നില്‍ക്കാനായില്ല. ദുരന്തങ്ങളില്‍ നിന്നും ഇനിയും മുക്തമാവാത്ത  ഈ വാണിജ്യനഗരത്തിലേക്ക്   വണ്ടി കയറുകയായിരുന്നു.

ഈ ജീവിതത്തില്‍ ഒരിക്കല്‍ സുഖം അനുഭവിച്ചതിനു പീഡനം പകരം തന്നു ദൈവം ഇപ്പോള്‍ ശിക്ഷിച്ചിരിക്കുന്നു. ഓര്‍മിച്ചു വെയ്ക്കാന്‍, താലോലിച്ചഭിമാനിക്കാന്‍ ‍, എനിക്കൊരു ബാല്യമുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ മുല്ലപ്പൂക്കള്‍ തേടി നടന്ന കുന്നിന്‍ ചെരിവുകള്‍ . ഞാന്‍ ലക്ഷ്യമിട്ട് വീഴ്ത്തിയ മാമ്പഴങ്ങള്‍  . നൂല്‍ കെട്ടി വിമാനം കളിച്ച തുമ്പികള്‍ . കടലാസ് തോണികള്‍ തുഴഞ്ഞ കെട്ടി നിന്ന മഴ വെള്ളം. നീന്തി തുടിക്കാന്‍ പഠിപ്പിച്ച നിറഞ്ഞ കായലുകള്‍ . ഞാന്‍ തടം കൊടുത്തു വളര്‍ത്തിയ പനിനീര്‍ ചെടിയും , അതില്‍ എന്റെ മുഖചായയുള്ള  പൂക്കളും. അന്നൊക്കെ എനിക്ക് ലഭ്യമായ സ്നേഹാനുഭൂതികള്‍ .  പിന്നെ, പൂക്കള്‍ പോയി മുള്ള് മാത്രമായ വളച്ചയുടെ വേദനയറിഞ്ഞ കാലം.

അന്നെത്ര സമ്പന്ന കുടുംബമായിരുന്നു ഞങ്ങള്‍ . എത്ര പ്രതാപമായിരുന്നു ഞങ്ങള്‍ക്ക്. ബാപ്പയ്ക്ക് എന്തിഷ്ട്ടമായിരുന്നു ഞങ്ങളോട്. തെറ്റോ ശരിയോ എന്ന് നോക്കാതെ ഞങ്ങളുടെ ആവശ്യം നിറവേറ്റി തന്ന ബാപ്പ. ഉമ്മ വഴക്ക്   പറയുമ്പോള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ബാപ്പ. ഞങ്ങളോടൊത്ത്  കുഞ്ഞിക്കുടുക്കയില്‍ കഞ്ഞി വെച്ചും കണ്ണാരം പൊതിയും കളിച്ച ബാപ്പ. പണം കുന്നു കൂടിയ ബാപ്പയുടെ മടിശ്ശീല. അതൊരിക്കലും ഒഴിഞ്ഞു  പോവില്ലെന്ന് അന്നൊക്കെ ബാപ്പ അഹങ്കരിച്ചിരുന്നു.

ഇരുനില വീട്. വാഹനം. കുറെ കൂട്ടുകാര്‍ . എല്ലാമായപ്പോള്‍ ജീവിതവും ധൂര്ത്തിലേക്കായിരുന്നു. പിന്നെ പിന്നെ ധൂര്‍ത്തിന്റെ ഒരു പര്യായമായി മാറിയ ബാപ്പ.ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും വേണ്ടി എന്ത് ചെയ്യുവാനും ഒരുക്കമായിരുന്നു. അവരെയൊക്കെ ബാപ്പ ആവോളം സഹായിച്ചു. അവസാനം ബാപ്പയുടെ മടിശ്ശീല ഒഴിഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോളും  ബാപ്പ വേവലാതിപ്പെട്ടില്ല. ചുറ്റുപാടിലുള്ളവരില്‍ പ്രത്യാശയുള്ളത് കൊണ്ടായിരിക്കാം.പിന്നീടു കഷ്ട്ടപ്പാടുകളുടെയും ദുരിതത്തിന്റെയും കാലമായിരുന്നു.

ചുറ്റുപാടും കടം പന്തലിച്ചു. വീട്ടില്‍ ഉമ്മയും അഞ്ചു മക്കളും ജീവിതത്തിന്റെ ദയനീയ മുഖം ശരിക്കും അനുഭവിക്കുകയായിരുന്നു. മീനും പാലും ഒക്കെ ഞങ്ങള്‍ക്ക് അന്യമായിക്കഴിഞ്ഞിരുന്നു. അന്യന്റെ ഔദാര്യത്തിന് കൈ നീട്ടി. എവിടെ നിന്നോ വീണു കിട്ടിയ ആശയുടെ ചരടില്‍ തൂങ്ങിയാടുകയായിരുന്നു ജീവിതം. മിത്രങ്ങളിലും ബന്ധുക്കളിലും പ്രതീക്ഷ അസ്തമിച്ച ബാപ്പ, കള്ള വിസയില്‍ ഗള്‍ഫിലേക്ക് കെട്ട് കെട്ടി. ചുട്ടു പൊള്ളുന്ന മണലാരണ്യത്തിലെ അംബര ചുംബികളായ  കെട്ടിടങ്ങല്‍ക്കിടയിലൂടെ വിശന്ന വയറോടെയും ഇരുട്ട് നിറഞ്ഞ മനസ്സോടെയും അലഞ്ഞു നടന്നു ബാപ്പ.  കൃത്യനിഷ്ട്ട യില്ലാത്ത ബാപ്പയുടെ തുച്ചമായ ഡ്രാഫ്റ്റ് മാത്രമായിരുന്നു ഞങ്ങള്‍ക്ക് ഏക ആശ്രയം.

ഒരു ചോദ്യ ചിഹ്നമായി മാറിയ പ്രായമായ സാബിറ. ഉമ്മയുടെ കണ്ണീരും സാബിറയുടെ  വേദനയും സഹിക്ക വയ്യാതായപ്പോള്‍ വീട് ഒഴിച്ചുള്ള സ്ഥലം വിറ്റ് സാബിറയെ കല്യാണം കഴിപ്പിച്ചയച്ചു. കടക്കാരുടെ ശല്യം ഏറി ക്കൊണ്ടെയിരുന്നു. ബില്ലടയ്കാത്തതിനാല്‍ ടെലെഫോണ്‍ ഒരു നിര്‍ജീവ വസ്തുവായി മാറി. അധികം വൈകാതെ എത്തിയ കറന്റിന്റെ അടീഷണല്‍ ബില്ല് കണ്ടു കണ്ണീര്‍ ഒഴുക്കിയ ഉമ്മ, കറന്റ് മൃത്യു വരിച്ചപ്പോള്‍ തലകറങ്ങി വീഴുകയായിരുന്നു.

എല്ലാം കണ്ടു മരവിച്ചു പോയ ഞാന്‍ . ഏകാന്തതയുടെ വിരസതകള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ആത്മനൊമ്പരങ്ങളുടെ തടവറയില്‍ വിഷാദ മൂകനായി സ്നേഹത്തിന്റെ ഒരിറ്റു തെളിനീരിനായി, കൊതിക്കുന്ന ഹൃദയവുമായി കഴിയുകയായിരുന്നു. എല്ലാം അനുഭവിക്കുവാനുള്ളതാനെന്നറിഞ്ഞു സമാധാനിക്കാന്‍ എനിക്കാവുമായിരുന്നില്ല. വിധി എന്ന് കരുതി ആശ്വസിക്കുവാനോ ,  മനുഷ്യ സഹജമെന്നു കരുതി ഓടിയൊളിക്കുവാനോ  എനിക്കായില്ല. വീട്ടില്‍ ഇറ്റിറ്റു വീഴുന്ന കണ്ണീര്‍ തുള്ളികള്‍ എന്നെ വലയം ചെയ്തു. പ്രതീക്ഷയോടുള്ള മിഴികള്‍ എന്നെ തുറിച്ചു നോക്കി. പിടിച്ചു നില്‍ക്കാനായില്ല. കാലത്തിലൂടെയുള്ള ഈ അനന്തമായ യാത്ര വേദനാജനകമെന്നായപ്പോള്‍ നാട് വിട്ട്‌ ഇവിടേയ്ക്ക് വണ്ടി കയറുകയായിരുന്നു.

ഇനി, എത്രയും വേഗം ഒരു ജോലി ശരിയാക്കേണ്ടിയിരിക്കുന്നു. മാസാവസാനം എന്റെ ശമ്പളവും കാത്തിരിക്കുന്ന ഉമ്മയുടെയും അനുജന്മാരുടെയും ദയനീയ മുഖം. പ്രതീക്ഷയോടുള്ള നോട്ടം. വയ്യ. റൂമില്‍ നില്‍ക്കാനായില്ല. ഇറങ്ങി നടന്നു. ദുരന്തത്തിന്റെ മഹാ നഗരത്തിലൂടെ. തോക്കേന്തി നില്‍ക്കുന്ന കാവല്‍ ഭടന്മാരുടെ ഇടയിലൂടെ മറ്റൊരു ദുരന്തത്തിന് നഗരം ഇരയാവുന്നതിനു മുന്‍പേ അവിടെക്കണ്ട ഹോട്ടലിന്റെ അടുക്കള ഞാന്‍ കരസ്ഥമാക്കിയിരുന്നു.

(ശുഭം)

4 അഭിപ്രായ(ങ്ങള്‍):

yaachupattam said...

ബദ്യ്രൂ......കുഴപ്പമില്ല......എന്നാലും ഒരു ഒതുക്കം ഇല്ലാത്തതു പോലെ.ആശയത്തിന്റെ ത്രീവത വായനക്കാരില്‍ എത്തിയോ എന്നൊരു സംശയം........

ഹംസ said...

എന്താ പറയ്വാ ബദര്‍ .... ഇത് ഒരു കഥ എന്നു മാത്രം ഞാന്‍ വിശ്വസിക്കട്ടെ അനുഭവത്തിന്‍റെ ഒരംശം പോലും ഇല്ലാതെ....

മനസ്സില്‍ ശരിക്കും കൊണ്ടു... എന്തോ ദാരിദ്ര്യം ശരിക്ക് അനുഭവിച്ചു വളര്‍ന്നത് കൊണ്ടാവാം എന്‍റെ മനസ്സ് വിങ്ങിപ്പോയത് ... ഈറനണിഞ്ഞ കണ്ണുമായാണ് ഞാന്‍ ഈ കമന്‍റ് എഴുതുന്നത് സത്യം..

jasy said...

ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്‌.
www.theislamblogger.blogspot.com

സലാഹ് said...

:(

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam