February 2, 2012

0 പ്രവാസി യുടെ അര്‍ത്ഥം


പ്രവാസി യായിരുന്ന അയാള്‍, കല്യാണം കഴിഞ്ഞപ്പോള്‍ ഭാര്യയോടൊപ്പം ജീവിക്കണം എന്ന ആഗ്രഹത്താല്‍ പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കാന്‍ തീരുമാനിച്ചു.
വീട്ടുകാര്‍ എതിര്‍ത്തു.
"നീ ഇപ്പോള്‍ ഗള്‍ഫ്‌ മതിയാക്കിയിട്ട് നാട്ടില്‍ എന്ത് ചെയ്യാനാണ്? കുറച്ചു കൂടി കഴിയട്ടെ..എന്നിട്ട് മതിയാക്കാം"
അയാള്‍ക്ക്‌ രണ്ട് കുട്ടികള്‍ ആയപ്പോള്‍ കുട്ടികളോടൊപ്പം ജീവിക്കണം എന്ന ആഗ്രഹത്താല്‍ പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
ഭാര്യ എതിര്‍ത്തു.
"ഒരു വീടെങ്കിലും ഉണ്ടാക്കാതെ എങ്ങനെയാ? വീട് കെട്ടിയിട്ട് മതിയാക്കാം".
വീട് കെട്ടി നെടുവീര്‍പ്പിട്ട അയാള്‍ നാട്ടിലെ ജീവിതം സ്വപ്നം കണ്ടു.
വീട്ടുകാരും ഭാര്യയും എതിര്‍ത്തു.
"മകള്‍ വലുതായി. അവളെ കെട്ടിച്ചയക്കാനുള്ള കാശുണ്ടോ?"
മകളുടെ കല്യാണം കഴിഞ്ഞു.വാര്‍ദ്ധക്യവും രോഗവും മൂലം വലഞ്ഞ അയാള്‍ നാട്ടില്‍ വിശ്രമ ജീവിതം നയിക്കാന്‍ തീരുമാനിച്ചു.
മക്കള്‍ എതിര്‍ത്തു.
"ഈ വയസ്സാന്‍ കാലത്ത് നിങ്ങള്‍ നാട്ടില്‍ നിന്നിട്ട് എന്ത് ചെയ്യാനാണ്?"
വീണ്ടും ഗള്‍ഫില്‍ വിമാനമിറങ്ങിയ അയാള്‍ ആദ്യമായി ഗള്‍ഫിലേക്ക് വിമാനമിറങ്ങിയ നിമിഷത്തെ ശപിച്ചു. പ്രവാസി എന്ന ലേബലിന് 'നാട് നിഷിദ്ധം' എന്നൊരര്‍ത്ഥം കൂടിയുണ്ടെന്ന് അയാള്‍ വേദനയോടെ മനസ്സിലാക്കി.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam