April 11, 2011

8 "ഹം ഭീ കാസര്‍കോട്‌ കാ ഹെ"

                                                      ഷാര്‍ജ യിലെ കച്ചവടക്കാരായ ഒരു കൂട്ടം കാസര്‍കോട്ടുകാര്‍ താമസിക്കുന്ന ഒരു ഫ്ലാറ്റ്‌.മൂന്ന് റൂമുകള്‍ ഉണ്ട് ആ ഫ്ലാറ്റില്‍ . കട അടച്ചു റൂമില്‍ എത്തിയാല്‍ പിന്നെ വാര്‍ത്താ ശേഖര വിളംബര കൈമാറ്റ വേളകള്‍ ആണാ റൂമില്‍. ഓരോരുത്തര്‍ക്കും ഓരോ വാര്‍ത്തകള്‍ പറയാനുണ്ടാകും. അന്നത്തെ ദിവസം റേഡിയോയില്‍ കേട്ട ഞെട്ടിപ്പിക്കുന്ന വാര്‍ത്ത, കടയില്‍ നടന്ന ഏതെങ്കിലും സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത തുടങ്ങി വാര്‍ത്തകള്‍ അനവധി തരത്തില്‍ ഓരോരുത്തനും വിളമ്പും.എന്നാല്‍ കൂടുതലും ചര്‍ച്ച ചെയ്യപ്പെടുക നാട്ടിലെ കഥകള്‍ ആയിരിക്കും.

എന്നാല്‍ അന്നൊരു ദിവസം എല്ലാവരും റൂമില്‍ എത്തിയിട്ടും വാര്‍ത്തകളുടെ ഒരു കൂമ്പാരം തന്നെയായ അഷ്‌റഫ്‌ എത്തിയില്ല. സാധാരണ എല്ലാവരെക്കാളും മുന്‍പേ റൂമില്‍ എത്തുന്നത്‌ അവനാണ്.ഇന്നെന്താ വൈകിയത് എന്ന് കൂട്ടാളികള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ അഷ്‌റഫ്‌ എത്തി.എപ്പോഴും മുഖത്ത് ചിരിയുമായി , 'അറിഞ്ഞോ?' എന്ന് പറഞ്ഞു കൊണ്ട്, റൂമില്‍ പ്രവേശിക്കാറുള്ള  അഷ്‌റഫ്‌ ,പക്ഷെ,അന്ന് പതിവിനു വിപരീതമായി മൌനമായാണ് റൂമില്‍ കയറിയത്. അവന്‍റെ മുഖം വല്ലാണ്ടിരിക്കുന്നു.പുതിയ വാര്‍ത്തകള്‍ക്കായി കാത്തിരുന്ന് ചര്‍ച്ച ചെയ്യാന്‍ വെമ്പല്‍ കൊണ്ടവര്‍ക്ക്‌ അഷ്റഫിന്റെ വിഷാദ മുഖം ചര്‍ച്ചാ വിഷയമായി."എന്ത് പറ്റീഡാ .."എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു."പറയാം.." എന്ന് പറഞ്ഞ് അഷ്‌റഫ്‌ വസ്ത്രം മാറാന്‍ തുടങ്ങി.അഷ്‌റഫ്‌ വസ്ത്രം മാറുന്നത് വരെ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.വസ്ത്രം മാറിയ അഷ്‌റഫ്‌ നു ചുറ്റും കൂട്ടുകാര്‍  കൂടി നിന്നു.പുതിയ വാര്‍ത്ത അറിയാന്‍ കൂടി നിന്നവരെ നിരാശപ്പെടുത്താതെ അഷ്‌റഫ്‌ ആ വാര്‍ത്ത കൂട്ടുകാരില്‍ എത്തിച്ചു:
"ഹസ്സനെ പോലീസ്‌ പിടിച്ചു!"

അഷ്‌റഫ്‌ ന്‍റെ പെങ്ങളുടെ മകനാണ് ഹസ്സന്‍.ദുബായില്‍ ഒരു ചൈന ക്കാരന്റെ കടയില്‍ ജോലി ആയിരുന്നു അവന്. തൃശൂര്‍ കാരോടൊപ്പമാണ് അവന്‍ താമസം.കൂടെ താമസിച്ചിരുന്ന ചിലര്‍ക്ക് മദ്യ കച്ചവടവും ഉണ്ടായിരുന്നു.അന്നത്തെ ദിവസം അവന്‍റെ റൂമില്‍ പോലീസ്‌ റൈഡ് നടത്തുകയും, റൈഡ് നടക്കുന്ന സമയത്ത് റൂമില്‍ ഉണ്ടായിരുന്ന ഹസ്സനും റൈഡ് ല്‍ പെടുകയും, പോലീസ്‌ അവനെയും അറസ്റ്റ്‌ ചെയ്യുകയും ഉണ്ടായി. ഇപ്പോള്‍ ഹസ്സന്‍ അകത്താണ്. നാട്ടിലേക്ക് നാട് കടത്ത പ്പെടും. ഇതാണ് അഷ്‌റഫ്‌ പറഞ്ഞ വാര്‍ത്ത. ഹസ്സന്‍ ജയിലില്‍ നിന്നും വിളിച്ചിരുന്നു വത്രേ. അവന്‍ ജോലി ചെയ്തിരുന്ന കടയിലെ മുതലാളിയായ ചൈന ക്കാരന്‍ അവനു ശമ്പളം കൊടുക്കാന്‍ ബാക്കിയുണ്ട്. അത് പോയി വാങ്ങി ഹസ്സനെ  ഏല്‍പ്പിക്കണം എന്ന് പറയാനാണ് അവന്‍ ജയിലില്‍ നിന്നും വിളിച്ചത്.ഹസ്സന്‍ പോലീസ്‌ പിടിയിലായ കഥ വിളമ്പിയ  ശേഷം, നാളെ രാവിലെ എണീറ്റ് ദുബായില്‍ ചൈന ക്കാരന്റെ അടുത്ത് പോകണം എന്ന് പറഞ്ഞ് അഷ്‌റഫ്‌ അപ്പുറത്തെ റൂമില്‍ കിടക്കാന്‍ പോയി. ഹസ്സന്റെ ജയില്‍ കഥയുടെ കുറച്ചു കൂടി പരദൂഷണങ്ങള്‍ പറഞ്ഞ് ബാക്കിയുള്ളവരും അവരവുടെ റൂമില്‍ കിടന്നുറങ്ങി.
                                            പിറ്റേ ദിവസം രാവിലെ തന്നെ അഷ്‌റഫ്‌ ദുബായിക്ക് ചൈന ക്കാരനെ കാണാന്‍ പുറപ്പെട്ടു. അഷ്‌റഫ്‌ ചൈന ക്കാരന്റെ കട യില്‍ എത്തിയപ്പോള്‍ അവിടെ ഒരു യുവാവ് സാധനങ്ങള്‍ അടുക്കി വെക്കുന്നുണ്ടായിരുന്നു .ഹസ്സന് പകരം വെച്ച ആളായിരിക്കും അതെന്നു അഷ്‌റഫ്‌ ഊഹിച്ചു. അഷ്‌റഫ്‌ അവനു അറിയാവുന്ന ഇന്ഗ്ലീഷില്‍ ചൈന ക്കാരനോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. ചൈന ക്കാരന് അഷ്‌റഫ്‌ ന്‍റെ ഇന്ഗ്ലീഷ്‌ മനസ്സിലായില്ല എങ്കിലും, ഹസ്സന്‍ ജയിലില്‍ നിന്നും ചൈന ക്കാരന് വിളിച്ചിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. ചൈന ക്കാരന്‍ 'വണ്‍ മിനിറ്റ്' എന്ന് പറഞ്ഞ് കണക്കുകള്‍ പരിശോധിക്കാന്‍ തുടങ്ങി.

ചൈനക്കാരന്‍ കണക്കുകള്‍ പരിശോധിക്കുന്ന  ഇടവേളയില്‍ കടയില്‍നേരത്തെ കണ്ട  യുവാവ് അഷ്‌റഫ്‌ നെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. അഷ്റഫും പിശുക്ക് കാണിച്ചില്ല,ചൈന ക്കാരന്‍ കണക്കുകള്‍ നോക്കുന്നത് വരെ  വെറുതെ നിക്കുകയല്ലേ , അവനും നല്‍കി നല്ലൊരു പുഞ്ചിരി. ആ പുഞ്ചിരിയുടെ ബലത്തില്‍ തൂങ്ങി യുവാവ് അഷ്‌റഫ്‌ നോട് ചോദിച്ചു:
"ആപ് കിധര്‍ കാ ഹെ?"
ഹിന്ദി യിലുള്ള ചോദ്യത്തിന് അഷ്‌റഫ്‌ ഹിന്ദി യില്‍ തന്നെ മറുപടി നല്‍കി:
"ഹം ഇന്ത്യ കാ ഹെ.."
അഷ്‌റഫ്‌ ഇന്ത്യ ക്കാരന്‍ ആണെന്നറിഞ്ഞ യുവാവിന് മരുഭൂമിയില്‍ വെള്ളം കണ്ട സന്തോഷം. ദുബായില്‍ നിറച്ചും ഇന്ത്യക്കാര്‍ ഉണ്ടായിട്ടും ഒരു ഇന്ത്യ ക്കാരനെ കണ്ടപ്പോള്‍ ഇവനെന്താ ഇത്ര സന്തോഷം എന്ന് അഷ്‌റഫ്‌ ആത്മഗതം ചെയ്തു. യുവാവ് തന്‍റെ സന്തോഷം വാക്കുകളിലൂടെ അറിയച്ചു:
"ഹം ഭീ ഇന്ത്യാ കാ ഹെ."
ഗള്‍ഫില്‍ ഇന്ത്യക്കാരെ കണ്ടു മടുത്ത അഷ്‌റഫ്‌ സന്തോഷം മൗനത്തില്‍ ഒതുക്കി. ഉടനെ വന്നു യുവാവിന്‍റെ അടുത്ത ചോദ്യം:
"ആപ് ഇന്ത്യാ മെ കിധര്‍?"
അഷ്‌റഫ്‌ അല്പം ഗര്‍വോടെ പറഞ്ഞു.
"ഹം കേരള കാ ഹെ.."
യുവാവിന് വീണ്ടും സന്തോഷം:
"അച്ചാ..ഹം ഭീ കേരളാ കാ ഹെ..!"
അഷ്‌റഫ്‌ ആ യുവാവിനെ തന്നെ തുറിച്ചു നോക്കി. ഇവന്‍ മലയാളിയായിരുന്നോ?കണ്ടാല്‍ തോന്നില്ലല്ലോ. അഷ്‌റഫ്‌ എന്തെങ്കിലും പറയുന്നതിന് മുന്‍പ് അടുത്ത ചോദ്യം വന്നു:
"ആപ് കേരളാ മെ കിധര്‍?"
ഇവനെന്താ മലയാളിയാണെന്ന് അറിഞ്ഞിട്ടും ഹിന്ദി യില്‍ തന്നെ തുടരുന്നത് എന്ന് അഷ്‌റഫ്‌ ചിന്തിച്ചു. അവന്‍ ചോദ്യത്തിനുള്ള മറുപടി അഭിമാനത്തോടെ നല്‍കി.
"കാസര്‍കോട്"
ഉടനെ വന്നു യുവാവിന്‍റെ സന്തോഷം തുളുമ്പുന്ന മറുപടി:
"അച്ചാ..ആപ് കാസര്‍കോട്‌ കാ ഹെ..? ഹം ഭീ കാസര്‍കോട് കാ ഹെ..!"

അഷ്‌റഫ്‌ നു ഏതു വികാരം പ്രകടിപ്പിക്കണം എന്നറിഞ്ഞില്ല. സന്തോഷിക്കണോ കരയണോ അതോ ചിരിക്കണോ? തലക്ക് അടി കൊണ്ടത്‌ പോലെയായിപ്പോയി അഷ്‌റഫ്‌ ന്‍റെ അവസ്ഥ. മലയാളിയാണെന്നും കാസര്‍കോട്ടുകാരന്‍ ആണെന്നും അറിഞ്ഞിട്ടും ലവന്‍ ഹിന്ദിയില്‍ തന്നെ !
"മൈ ഫ്രണ്ട്‌.."
ചൈന ക്കാരന്റെ വിളി കേട്ട അഷ്‌റഫ്‌ സ്വബോധം വീണ്ടെടുത്തു. കണക്കുകള്‍ കൂട്ടി ശമ്പളത്തില്‍ ബാക്കി യായ  തുക ഹസ്സന് നല്‍കാനായി ചൈന ക്കാരന്‍ അഷ്‌റഫ്‌ നെ ഏല്പിച്ചു. ചൈന ക്കാരനോട് ബായ്‌ പറഞ്ഞു ഇറങ്ങിയ അഷ്‌റഫ്‌ ആ യുവാവിനെ നോക്കുക പോലും ചെയ്യാതെ ഷാര്‍ജ ക്ക് വണ്ടി കയറി.
                                          റൂമില്‍ എത്തിയ അഷ്‌റഫ്‌ ഈ കഥയും കൂട്ടുകാര്‍ക്ക് എത്തിച്ചു കൊടുത്തു. കഥ കേട്ട കൂട്ടുകാര്‍ ചിരിയോടു ചിരി. കൂട്ടച്ചിരി ക്കൊടുവില്‍ അഷ്‌റഫ്‌ കൂട്ടുകാരോടായി ചോദിച്ചു:
"ഞാന്‍ മലയാളി യാണെന്നും കാസര്‍കോട്ട് കാരന്‍ ആണെന്നും അറിഞ്ഞിട്ടും ഒരേ നാട്ടുകാരന്‍ ആയ ആ യുവാവ് ഹിന്ദിയില്‍ തന്നെ തുടര്‍ന്നതിനു പിന്നിലെ മനശാസ്ത്രം എന്തായിരിക്കും?". കൂട്ടുകാര്‍ക്ക് ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല.
                                          ഉത്തരം കിട്ടാത്ത  ഈ ചോദ്യം ഇപ്പോഴും ആ റൂമിലെ ചുമരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നുണ്ടായിരിക്കാം. 

8 അഭിപ്രായ(ങ്ങള്‍):

കാഞ്ഞങ്ങാടന്‍ said...

ഒരു പക്ഷേ ചൈനക്കാരനോട് അവന്‍ പറഞ്ഞിട്ടുണ്ടാവുക മലയാളി അല്ലെന്നായിരിക്കും ... കള്ളി വെളിച്ചത്താകണ്ടാ എന്ന് കരുതിക്കാണും ...

ഷംസീര്‍ melparamba said...

ഞാനും ചിന്തുക്കുന്നത് അത് തന്നെ ആണ്...എന്തായിരിക്കും അവന്‍ മലയാളം പരയായാത്തത്...

yaachupattam said...
This comment has been removed by the author.
yaachupattam said...

കാസരഗോട്ക്കാര്‍ക്ക് മാര്‍ക്കറ്റില്‍ നല്ല മതിപ്പാണല്ലോ,അത് കൊണ്ടായിരിക്കും.
ബദര്‍ കഥ നന്നായിരിക്കുന്നു.കുറച്ചും കൂടി രസകരമാക്കാമായിരുന്നു എന്ന് തോന്നുന്നു.

moideen angadimugar said...

കാസറഗോട്ടുകാരനല്ലേ... പറയാനെന്തിരിക്കുന്നു?
നർമ്മം നന്നായി ആസ്വദിക്കാൻ വിധത്തിലുള്ള അവതരണം നന്നായിട്ടുണ്ട്.

ബൈജുവചനം said...

ഗൊള്ളാം ഗൊള്ളാം...

Shukoor said...

ഏയ്... ചൈനക്കാരന് എന്ത് ഹിന്ദി, എന്ത് മലയാളം. ഒക്കെക്കണക്കാ....
ഇത് വേറെ എന്തോ കാരണമാ.....

Jefu Jailaf said...

കൂടുതല്‍ പറഞ്ഞാല്‍ ഭാണ്ടുക്കലാകും. ജാമ്യം നിലക്കാന്‍ പാസ്പോര്‍ട്ട്‌ ചോദിച്ചാലോ എന്ന് പേടിച്ചാകും ഈ ഭീ കാസര്‍ഗോട് ക ഹെയില്‍ നിറുത്തിയത്.. സംഗതി കലക്കി .. നന്നായിരിക്കുന്നു..

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam