May 13, 2011

5 പച്ചക്കുപ്പി


                 എന്‍റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവമാണ്  ഞാനിവിടെ ഓര്‍മയില്‍ നിന്നും തപ്പിയെടുത്തു അവതരിപ്പിക്കാന്‍ മുതിരുന്നത്.ഞാന്‍ വളരെ  ചെറുതായിരുന്നപ്പോള്‍  നടന്ന സംഭവമാണ് എന്നോര്‍മ്മയുണ്ടെങ്കിലും അന്നെനിക്ക് എത്ര വയസ്സാണെന്ന് ഓര്‍മ്മ കിട്ടുന്നില്ല.എന്നാലും ഏകദേശം അഞ്ചോ ആറോ വയസ്സായിരിക്കും എന്ന് തോന്നുന്നു.മേല്പറമ്പ് എന്ന സുന്ദരമായ ഗ്രാമത്തില്‍ (ഇന്നിത് നല്ലൊരു ടൌണ്‍ ആയി മാറിയിട്ടുണ്ട്) ഞാന്‍ ഓടിയും ചാടിയും ഉല്ലസിച്ച് നടന്നിരുന്ന എന്‍റെ കുട്ടിക്കാലം.തുമ്പികളുടെ പിറകെ ഓടിയും ക്രിക്കറ്റ്‌ കളിച്ചും 'കമ്മ്യുണിസ്റ്റ്‌' കാടുകള്‍ കൊണ്ട് 'വളയം' ഉണ്ടാക്കി ബസ്സോടിച്ചു കളിച്ചും ലോകത്തെ ഒരു ടെന്ഷനും അറിയാതെ മദിച്ചുല്ലസിച്ചു നടന്നിരുന്ന ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാലം.
                          

അക്കാലത്താണ് ഞങ്ങളുടെ നാട്ടില്‍ ഒരു പുതിയ ശീതളപാനീയം വിപണിയില്‍ ഇറങ്ങുന്നത്.എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ citra എന്നായിരുന്നു ആ പാനീയത്തിന്‍റെ പേര്.പച്ച നിറമുള്ള കുപ്പിയില്‍ ഇറങ്ങിയ ആ പാനീയം അന്ന് നാട്ടില്‍ ഭയങ്കര ചര്‍ച്ചാവിഷയമായിരുന്നു.ഒരു വണ്ടിയില്‍ അനൌന്‍സ്മെന്റ്റ് ഒക്കെ നടത്തിയായിരുന്നു അന്നത് വിപണിയില്‍ ഇറക്കിയത്.ഞങ്ങള്‍ കുട്ടികള്‍ക്ക് ആ പച്ചക്കുപ്പി പാനീയം ദൂരെ നിന്നും നോക്കിക്കാണാനുള്ള ഭാഗ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കാരണം അന്നൊക്കെ ഇന്നത്തെപ്പോലെ  മാതാപിതാക്കള്‍  കുട്ടികള്‍ക്ക് കാശ് കൊടുക്കുക എന്ന  കലാപരിപാടികള്‍ ഒന്നും തന്നെയില്ലായിരുന്നു.അതുപോലെ കുട്ടികള്‍ മാതാപിതാക്കളോട് കാശ് ചോദിക്കുന്ന പരിപാടിയും നന്നേ കുറവ് തന്നെ.വല്ലപ്പോളും പെരുന്നാളിന് കിട്ടുന്ന 'പെരുന്നാള്‍ പൈസ' മാത്രമായിരുന്നു ഞങ്ങള്‍ കുട്ടികളുടെ ഏക ആശ്രയം.അത് കൊണ്ട് തന്നെ ആ പച്ചക്കുപ്പിപ്പാനീയം ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു 'കിട്ടാക്കനി' യായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടല്ലോ.

                   എന്‍റെ നാട്ടില്‍ വീനസ്‌ എന്ന് പേരുള്ള ഒരു കടയുണ്ടായിരുന്നു.(ഇപ്പോഴും ആ കടയുണ്ട്).മേല്‍പറമ്പ് ന്‍റെ ഹൃദയ സ്ഥാനത്ത് തന്നെ സ്ഥിതി ചെയ്യുന്ന ആ കടയില്‍ ആയിരുന്നു ഈ പച്ചക്കുപ്പിപ്പാനീയം വിലപനക്ക് വെച്ചിരുന്നത്.ഞാന്‍ എന്നും ആ കടയുടെ മുന്നിലൂടെ പോകുമ്പോള്‍ ഈ പച്ചക്കുപ്പിയില്‍ ഒരു നോട്ടമിടും.ഈ പച്ചക്കുപ്പി നോക്കാന്‍ വേണ്ടി മാത്രം ഞാന്‍ ആ കടയുടെ മുന്‍പിലൂടെ പോകുന്നത് പതിവാക്കി.ഈ പച്ചക്കുപ്പി നോക്കി നോക്കി എന്നില്‍ ഒരു പാട് സംശയങ്ങള്‍ ഉടലെടുത്തു. കുപ്പിയുടെ നിറം പച്ചയാണ്.അകത്തുള്ള പാനീയവും പച്ചയായിരിക്കുമോ? ആ പാനീയത്തിന്‍റെ രുചി എന്തായിരിക്കും? മധുരമായിരിക്കുമോ? അതോ ഉപ്പ് രസമായിരിക്കുമോ? അതുമല്ല ചെറുനാരങ്ങയുടെ പുളി രുചിയായിരിക്കുമോ?  ഇങ്ങനെ എന്‍റെ സംശയങ്ങളുടെ ലിസ്റ്റ് നീണ്ട് നീണ്ട് പോയതല്ലാതെ എന്‍റെ സംശയങ്ങള്‍ക്ക് ഒരു അറുതി വന്നില്ല.

അങ്ങിനെയിരിക്കെ ഒരു ദിവസം ഞാന്‍ വീനസ്‌ ന്‍റെ മുന്‍പിലൂടെ നടന്നു പോകുമ്പോള്‍ അതാ ഒരാള്‍ കടയില്‍ ഇരുന്ന്‌ ആ പച്ചക്കുപ്പിപ്പാനീയം കുടിക്കുന്നു.ഒരു നിമിഷം ഞാന്‍ ആലോചിച്ചു നിന്നു.എന്‍റെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഇത് തന്നെ അവസരം.ഞാന്‍ ഒട്ടും മടിച്ചു നിന്നില്ല.ഓടി ആ കടയില്‍ കയറി ചെന്ന് ആ പാനീയം കുടിക്കുന്ന ആളോട് ചോദിച്ചു:
"ഏയ്‌..ഇച്ചാ..ഈ കുപ്പിയുടെ നിറം പച്ചയാണല്ലോ..അപ്പോള്‍ ഇതിനകത്തുള്ള പാനീയവും പച്ചയാണോ?"
അയാള്‍ ഒരു മടിയും കൂടാതെ മറുപടി നല്‍കി:
"അല്ല..മോനെ..വെള്ളയാ..."
ആദ്യത്തെ സംശയത്തിന് മറുപടി കിട്ടിയ ധൈര്യത്തില്‍ ഞാന്‍ അടുത്ത സംശയവും തൊടുത്തു വിട്ടു:
"ഈ പാനീയം മധുരമാണോ...അതോ ഉപ്പിക്കുന്നതാണോ?"
ഇപ്രാവശ്യവും അയാള്‍ സഹകരിച്ചു:
"മധുരമാ..."


        എന്‍റെ സംശയങ്ങള്‍ക്ക് മറുപടി ലഭിച്ച സന്തോഷത്തില്‍ ഞാന്‍ ആ കടയില്‍ നിന്നും ഇറങ്ങി ഓടി.ആ ഓട്ടം ഞാന്‍ അവസാനിപ്പിച്ചത് എന്‍റെ കൂട്ടുകാരുടെ അടുത്ത് എത്തിയിട്ടായിരുന്നു. ആ പച്ചക്കുപ്പി യെ ക്കുറിച്ച് ഞാന്‍ ശേഖരിച്ച മഹത്തായ വിവരങ്ങള്‍ അവര്‍ക്ക് കൈമാറുകയായിരുന്നു എന്‍റെ ലക്‌ഷ്യം.അന്ന് ഞാന്‍ കൂട്ടുകാരുടെ അടുത്ത വലിയ ആളായി.എന്തോ മഹാ കാര്യം അന്വേഷിച്ച് കണ്ടെത്തിയ ആത്മസംതൃപ്തിയും അന്നെനിക്കുണ്ടായിരുന്നു.
                      
                            ഇപ്പോള്‍ ഞാന്‍ എന്തിനാണ് ഈ കാര്യം ഇവിടെ അവതരിപ്പിച്ചത് എന്ന് ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം.കാരണമുണ്ട്.ഈ സംഭവം നടന്ന നാളിലൊന്നും എനിക്ക് തോന്നാത്ത ഒരു ചോദ്യം ഇപ്പോള്‍ എന്‍റെ മനസ്സില്‍ കിടന്നു അമ്മാനമാടുകയാണ്.എന്താണ് അന്നൊന്നും തോന്നാത്ത ആ ചോദ്യം എന്നല്ലേ? അതിതാണ്..."   കൊച്ചുകുട്ടിയായ ഞാന്‍ ഇത്രയൊക്കെ ചോദ്യങ്ങള്‍ ചോദിച്ചിട്ടും അയാള്‍ എന്നോട് എന്ത് കൊണ്ട് ഒരല്‍പം കുടിച്ചു നോക്കുന്നോ എന്ന് ചോദിച്ചില്ല? "
                                                       ****************

5 അഭിപ്രായ(ങ്ങള്‍):

കാഞ്ഞങ്ങാടന്‍ said...

നന്നായിട്ടുണ്ട് പച്ചക്കുപ്പി സംഭവം .... നിങ്ങള്‍ ഓടിപ്പോയപ്പോള്‍ അയാള്‍ കടക്കാരനോട് പറഞ്ഞിരിക്കും .... " ചെക്കന്‍ ഓസിനു കുടിക്കാന്‍ വേണ്ടി എന്റടുത്താ നമ്പറിറക്കുന്നത് ഞാനാരാ മോന്‍ " എന്ന് ....

റഈസ്‌ said...

അപ്പൊ അതാ ചെക്കന്റെ പൂതി......ലെ

ഷംസീര്‍ melparamba said...

ലളിതമായ അവതരണം....അയാള്‍ തന്നെ എങ്ങനയോ പൈസ കൂട്ടി വെച്ച് കുടിക്കുകയാ...പിന്നെ എങ്ങനെ നിങ്ങള്ക്ക് തരും....നിങ്ങള്ക്ക് തന്നാല്‍ വല്ലതും ബാകി ഉണ്ടാവുമോ...

moideen angadimugar said...
This comment has been removed by the author.
moideen angadimugar said...

പച്ച നിറമായത് കൊണ്ടാണോ CITRA മേല്പറമ്പിൽ ചർച്ചാവിഷയമായത്.പൊതുവെ പച്ച ഇഷ്ടപ്പെടുകയും,പച്ചയോട് കൂടുതൽ താല്പര്യം കാട്ടുകയും,പച്ചയിറച്ചി തിന്നുകയും (ക്ഷമിക്കണം :) ചെയ്യുന്നവരാണു മേല്പറമ്പുകാരാണെന്നാണു കേൾവി.
THUMS UP കമ്പനി അവതരിപ്പിച്ച CITRA നല്ലൊരു ശീതളപാനീയമായിരുന്നു.ആഗോള കുത്തകകളുടെ ആഗമനത്തോടെ ഈ കമ്പനിയെ കൊക്കക്കോള മൊത്തമായി വിഴുങ്ങി.അവരുടെ SPRITE -നു മുന്നിൽ CITRA ക്ക് ‘ജീവനൊടുക്കേണ്ടി’വന്നു.

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam