May 12, 2010

0 നാസറിന്‍റെ മുഖം വികൃതമായതെങ്ങിനെ ?

രാവിലെ ഉറക്കമുണര്‍ന്നു കണ്ണാടി നോക്കിയ നാസര്‍, കണ്ണാടിയിലെ തന്‍റെ മുഖം കണ്ടു ഞെട്ടിപ്പോയി. മുഖം വികൃതമായിരിക്കുന്നു. ഇങ്ങനെയായിരുന്നില്ലല്ലോ എന്‍റെ മുഖം. ഇതെങ്ങനെ വികൃതമായി?. അതോ വികൃതമായ മനസ്സിന്‍റെ തനി രൂപം മുഖത്ത് പ്രകടമായതാണോ?. ആരാണെന്‍റെ മുഖം വികൃതമാക്കിയത്?. നാസര്‍ ആലോചിച്ചു നോക്കി. അവന്‍റെ ചിന്തകള്‍ ഒരുപാട് കാലം പിറകോട്ടു സഞ്ചരിച്ചു. അത് അവനെ കൊണ്ടെത്തിച്ചത് അവന്‍റെ ബന്ധുക്കളിലേക്കും സുഹ്ര്തുക്കളിലെക്കും മുതലാളിയിലേക്കുമായിരുന്നു.

ഗള്‍ഫില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നാസറിന് വളരെ ചെറിയ ശമ്പളം ആയിരുന്നു അവന്‍റെ മുതലാളി നല്‍കിയിരുന്നത്. എങ്കിലും നാസര്‍ ആ ശമ്പളത്തില്‍ തൃപ്തനായിരുന്നു. കാരണം കൂടുതല്‍ ആഗ്രഹങ്ങലോ അത്യാഗ്രഹങ്ങലോ അവനു ഉണ്ടായിരുന്നില്ല. നാട്ടിലേക്ക് എല്ലാ മാസവും പണമയക്കാന്‍ കഴിയണം. കുടുംബം പട്ടിണിയാവരുത്. ഇത് മാത്രമായിരുന്നു അവന്‍റെ ചിന്തയും ലക്ഷ്യവും. പോരാത്തതിന് ആദര്‍ശ ശാലിയും സത്യസന്ധനും. ജോലിക്കിടയില്‍ എന്തങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ മുതലാളി അവനെ എപ്പോഴും ഭീഷണി പ്പെടുത്താരുണ്ടായിരുന്നു. 'നിന്‍റെ വിസ ക്യാന്‍സല്‍ ചെയ്തു നോ എന്‍ട്രി അടിച്ചു നാട്ടിലയക്കും' എന്നായിരുന്നു ഭീഷണിപ്പെടുത്തല്‍ . 'ക്യാന്‍സല്‍' ആയി നാട്ടില്‍ പോകേണ്ടി വന്നാല്‍ വീട്ടില്‍ പട്ടിണിയാകും. ആ ഭീതിയില്‍ നാസര്‍ ഒരടിമയെപ്പോലെ പണിയെടുത്തു. തല താഴ്ത്തി എല്ലാം സഹിച്ചായിരുന്നു അവന്‍ ജോലിയില്‍ തുടര്‍ന്നത്.

കൂടെ കളിച്ചതും പഠിച്ചതുമായ സുഹ്രത്തുക്കളും, ബന്ധുക്കളും വളരെ നല്ല നിലയില്‍ എത്തിയിട്ടും നാസര്‍ അതെ ജോലിയില്‍ സാധാരണയില്‍ സാധാരണക്കാരനായി തുടര്‍ന്നു. അവന്‍ അവന്‍റെ അവസ്ഥയില്‍ സന്തുഷ്ട്ടനായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അവനോട് എപ്പോഴും ചോദിക്കാറുണ്ട്, ' നീ ഗള്‍ഫില്‍ ഇത്ര വര്‍ഷങ്ങളായിട്ടും ഒന്നും സമ്പാധിച്ചില്ലല്ലോ' എന്ന്. ആ ചോദ്യങ്ങളെ നാസര്‍ ചെറുപുഞ്ചിരിയോടെ നേരിട്ടു. സമ്പാദ്യം അവന്‍റെ ലക്ഷ്യമായിരുന്നില്ലല്ലോ.

എന്നാല്‍ ബന്ധുക്കളും സുഹൃത്ത്ക്കളും കാണുന്ന വേളകളിലെല്ലാം ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ നാസറിന്‍റെ മനസ്സ് മെല്ലെ വേദനിക്കാന്‍ തുടങ്ങി.അവന്‍റെ മനസ്സില്‍ ഒരുപാട് സംശയങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. ഇവരൊക്കെ എന്നെ കളിയാക്കുകയാണോ? ഞാന്‍ അവരുടെ മുന്‍പില്‍ വളരെ ചെറുതായിപ്പോയോ? കാശ് കുറഞ്ഞത്‌ ഒരു കുറ്റമാണോ? അല്ലെങ്കില്‍ അവരെന്തിനാണ് കാണുമ്പോളെല്ലാം ഒന്നും സമ്പാദിചില്ലല്ലോ എന്നാവര്ത്തിക്കുന്നത്?

നാസറിന്‍റെ മനസ്സിനെ ഇരുള്‍ മൂടാന്‍ തുടങ്ങി. എങ്ങിനെയെങ്കിലും കാശുണ്ടാക്കണം. ഇവരുടെ ചോദ്യങ്ങളില്‍ നിന്നും രക്ഷ നേടണം. ഇവരുടെ മുന്നില്‍ ഞെളിഞ്ഞു നിക്കണം. മുതലാളിയുടെ ക്യാന്‍സല്‍ ഭീഷണിയില്‍ നിന്നും മുക്തി വേണം. അടിമത്വത്തില്‍ നിന്നും മോചനം വേണം. എനിക്ക് സ്വാതന്ത്രനാവണം. നാസര്‍ അത് വരെ മുറുകെ പിടിച്ചിരുന്ന ആദര്‍ശങ്ങളും സത്യസന്ധതയും അവനെ വിട്ടു പിരിയാന്‍ തുടങ്ങി.സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചോദ്യങ്ങളില്‍ നിന്നും, മുതലാളിയുടെ ഭീഷണിയില്‍ നിന്നും മോചനം നേടാനായി കാശു സമ്പാദിക്കല്‍ മാത്രമായി അവന്‍റെ ലക്‌ഷ്യം.അതിനായി അവന്‍ തെറ്റായ വഴികളിലൂടെ സഞ്ചരിച്ചു. അനുവദിനീയമാല്ലാത്ത രീതികളില്‍ കാശുണ്ടാക്കാന്‍ തുടങ്ങി. ശരിയും തെറ്റും അവന്‍ നോക്കിയില്ല. കള്ളവും ചതിയും സ്ഥിരമായി. കാശ് മാത്രമായി അവന്‍റെ ലോകം .

ഇന്നിപ്പോള്‍ നാസര്‍ ധനികനാണ്. ഒരുപാട് സ്ഥാപനങ്ങളുടെ അധിപന്‍. മുതലാളിയും. ആരുടേയും ക്യാന്‍സല്‍ ഭീഷണിയില്ല. ബന്ധുക്കളും സുഹൃത്തുക്കളും ആ പഴയ ചോദ്യം ചോദിക്കാറില്ല. കാരണം നാസറിപ്പോള്‍ എല്ലാം 'സമ്പാദിച്ചു' .

പക്ഷെ, കണ്ണാടി നോക്കുമ്പോള്‍ നാസറിന്‍റെ മുഖം വികൃതമായ പോലെ. സഞ്ചരിച്ച വഴികളും വികൃതമായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചോദ്യങ്ങളും, മുതലാളിയുടെ ഭീഷണിയും മൂലം താന്‍ സഞ്ചരിച്ച ഇരുള്‍ നിറഞ്ഞ വഴികളാണ് തന്‍റെ മുഖമിത്ര വികൃതമാക്കിയതെന്ന തിരിച്ചറിവ് നാസറിനെ ക്ഷുഭിതനാക്കി. ദേഷ്യത്തില്‍ നാസര്‍ കയ്യില്‍ കിട്ടിയ എന്തോ സാധനം എടുത്തു കണ്ണാടി എറിഞ്ഞു പൊട്ടിച്ചു. പൊട്ടിയ കണ്ണാടിചില്ലുകള്‍ക്കിടയിലൂടെ നാസര്‍ തന്‍റെ മുഖം വീണ്ടും നോക്കി. തന്‍റെ മുഖം കൂടുതല്‍ വികൃതമായതായി അവനു അനുഭവപ്പെട്ടു.



.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Gulf Career - Employment in MIddle East

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by netdohoa | Support for this Theme dohoavietnam